കിഡ്‌നി സ്റ്റോൺ : അറിയേണ്ടതെല്ലാം
കടുത്ത വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്ന വളരെ സാധാരണമായ ഒരു മൂത്രാശയ രോഗമാണ് വൃക്കയിലെ കല്ല് (Renal stones). പലർക്കും പരിഭ്രമവും വേദനയും നൽകുന്ന ഒരു അവസ്ഥകൂടിയാണ് കിഡ്നി സ്റ്റോൺ.
രക്തത്തിലെ ധാതുക്കളുടെ -കാൽസ്യം, ഓക്സാലേറ്റ്, യൂറിക് ആസിഡ് -അളവ് കൂടുക, വെള്ളം കുറച്ചു കുടിക്കുക, മൂത്രം പിടിച്ചുവയ്ക്കുക തുടങ്ങിയ കാരണങ്ങളാൽ മൂത്രത്തിൽ ക്രിസ്റ്റലുകൾ രൂപപ്പെടുകയും അവ കാലക്രമേണ വൃക്കയിലെ കല്ലായി മാറുകയും ചെയ്യുന്നു.
ഈ മൂത്ര കല്ല് മൂത്രനാളിയിലൂടെ സഞ്ചരിക്കുമ്പോൾ അതിശക്തമായ വേദന അനുഭവപ്പെടുന്നു.
കിഡ്‌നി സ്റ്റോൺ ലക്ഷണങ്ങൾ
കഠിനമായ വേദന : പുറം ഭാഗത്ത് നിന്ന് ആരംഭിക്കുന്ന വേദന വശങ്ങളിലൂടെ വയറിന്റെ അടി ഭാഗത്തേക്കും വ്യാപിക്കുന്ന കഠിനമായ വേദനയാണ് പ്രധാന ലക്ഷണം.
ഈ വേദന മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുപോകാം.
മൂത്രം പോകുന്നതിലെ ബുദ്ധിമുട്ട്: മൂത്ര കല്ല് മൂത്രനാളിയിൽ തടസ്സമുണ്ടാക്കുന്നതിനാൽ മൂത്രം പോകുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടാം. മൂത്രം പോകുന്നത് കുറയുകയോ ഇടയ്ക്കിടെ മൂത്രം പോവുകയോ മൂത്ര ശങ്ക ഉണ്ടാവുകയോ ചെയ്യാം.
മൂത്രത്തിന്റെ നിറവ്യത്യാസം: മൂത്രത്തിൽ രക്തം കലരുക, മൂത്രത്തിന്റെ നിറം മങ്ങുകയോ, ദുർഗന്ധം ഉണ്ടാവുകയോ ചെയ്യുക എന്നതും കിഡ്നി സ്റ്റോണിന്റെ ലക്ഷണങ്ങളിൽ പെട്ടതാണ്.
മൂത്രമൊഴിക്കുമ്പോൾ വേദന: മൂത്രമൊഴിക്കുമ്പോൾ കുത്തുന്ന പോലെയോ എരിയുന്ന പോലെയോ വേദനയുണ്ടാകുന്നതും മൂത്രകല്ലിന്റെ ലക്ഷങ്ങളിൽ പെട്ടതാണ്.
പനി, വിറയൽ: രോഗത്തിന്റെ തീവ്രത കൂടുന്ന സന്ദർഭങ്ങളിൽ പനി, വിറയൽ, ചർദ്ധി, ഓക്കാനം എന്നിവ ഉണ്ടാകാം.
കിഡ്‌നി സ്റ്റോൺ കാരണങ്ങൾ
വെള്ളം കുറച്ച് കുടിക്കുക: വെള്ളം കുടിക്കാതിരിക്കുന്നതിന്റെ ഭാഗമായി മൂത്രം കട്ടിയാക്കുകയും കല്ല് രൂപപ്പെടാൻ സാധ്യതയുണ്ടാകുകയും ചെയ്യുന്നു.
ഭക്ഷണക്രമം: കാൽസ്യം, ഓക്സാലേറ്റ്, പ്യൂറിൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കല്ല് രൂപപ്പെടാനുള്ള സാധ്യത കൂട്ടുന്നു.
ചില മരുന്നുകൾ: ഡൈയുററ്റിക്സ്, അന്റാസൈഡ്സ് തുടങ്ങിയ ചില മരുന്നുകൾ മൂത്രാശയത്തിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഫാമിലി ഹിസ്റ്ററി : കുടുംബത്തിൽ മൂത്രാശയത്തിലെ കല്ല് ഉണ്ടായിട്ടുണ്ടെങ്കിൽ, നിങ്ങൾക്കും ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
മെഡിക്കൽ കണ്ടിഷൻസ് : ഹൈപ്പർപാര തൈറോയ്ഡിസം, Inflammatory bowel disease, UTI പോലെയുള്ള രോഗവസ്ഥയുള്ളവർക്ക് കിഡ്നി സ്റ്റോൺ വാരാൻ സാധ്യത കൂടുതലാണ്.
അമിതവണ്ണം: അമിതവണ്ണം ഉള്ളവരിൽ മൂത്രാശയത്തിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കിഡ്‌നി സ്റ്റോൺ കണ്ടെത്താനുള്ള പരിശോധനകൾ
രോഗലക്ഷണങ്ങളും രോഗചരിത്രവും അടിസ്ഥാനമാക്കിയുള്ള ഡോക്ടറുടെ ശാരീരിക പരിശോധന, കൂടാതെ രക്തപരിശോധന, മൂത്രപരിശോധന അൾട്രാസൗണ്ട് സ്കാൻ, CT സ്കാൻ എന്നീ പരിശോധനകളും ആവശ്യമായി വന്നേക്കാം.
കിഡ്‌നി സ്റ്റോൺ വരാതിരിക്കാൻ ചെയ്യേണ്ടത്
- ധാരാളം വെള്ളം കുടിക്കുക (പ്രതിദിനം 2-3 ലിറ്റർ).
- ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.
- പ്രോട്ടീൻ അടങ്ങിയ മാംസാഹാരങ്ങൾ നിയന്ത്രിതമായി കഴിക്കുക.
- ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തുക.
- അമിതവണ്ണം ഒഴിവാക്കുക.
- മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ നിർദേശം പാലിക്കുക.
കിഡ്‌നി സ്റ്റോൺ ചികിത്സ എങ്ങനെ.?
- കല്ലിന്റെ വലിപ്പം, സ്ഥാനം, രോഗലക്ഷണങ്ങളുടെ തീവ്രത എന്നിവയെ ആശ്രയിച്ച് ചികിത്സ നിർണയിക്കും.
- ചെറിയ കല്ലുകൾ പുറത്തുപോകാൻ മെഡിസിൻ കഴിക്കുന്നതിന്റെ കൂടെ ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധിവരെ ബുദ്ധിമുട്ട് പരിഹരിക്കാൻ കഴിയും.
- വലിപ്പം കൂടിയ കല്ലുകളുടെ ചികിത്സയ്ക്ക് ഷോക്ക് വേവ് തെറാപ്പി (Lithotripsy), ലേസർ ചികിത്സ, ശസ്ത്രക്രിയ എന്നിവ ആവശ്യമായി വരാം.
ശരിയായ സമയത്ത് കൃത്യമായ ഹോമിയോപ്പതി ചികിത്സ സ്വീകരിക്കുന്നതിലൂടെ കിഡ്നി സ്റ്റോൺ ഓപ്പറേഷൻ ഒഴിവാക്കാനും , മൂത്രക്കല്ലിനെ പൊടിച്ചു കളയാനും സഹായിക്കും.
കിഡ്നി സ്റ്റോൺ കോംപ്ലിക്കേഷൻസ്
- കടുത്ത വേദന.
- മൂത്രനാളി അടയുകയും മൂത്രം പൂർണ്ണമായി ഒഴിക്കാൻ കഴിയാതിരിക്കുക (Renal obstruction).
- വൃക്കകൾക്ക് ഗുരുതരമായ തകരാറ് (Kidney damage)
- അണുബാധ (UTI).
കിഡ്നി സ്റ്റോണുള്ളവർ ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ധാരാളം വെള്ളം കുടിക്കുക
ദിവസം 2-3 ലിറ്റർ വെള്ളം കുടിക്കണം. ഇത് മൂത്രത്തിലെ ധാതുക്കളുടെ സാന്ദ്രത കുറച്ച് കല്ല് രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു
പഴങ്ങൾ, പച്ചക്കറികൾ ധാരാളം ഉൾപ്പെടുത്തുക
വിറ്റാമിൻ സി അടങ്ങിയ നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. നാരങ്ങ, ഓറഞ്ച് എന്നിവ മൂത്രത്തിന്റെ പി.എച്ച് നിലവാരം കുറയ്ക്കുകയും കല്ല് രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു. വെള്ളരിക്ക, തക്കാളി, കാബേജ്, പയർ തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഗുണകരമാണ്. വെള്ളരിക്ക, തക്കാളി, മുരിങ്ങയില എന്നിവയിൽ സിട്രേറ്റ് എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. സിട്രേറ്റ് മൂത്രത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കുകയും കല്ല് രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക
പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മുട്ട എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
സോഡിയം കൂടുതലുള്ള പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നതും ഭക്ഷണത്തിൽ ഉപ്പു ചേർക്കുന്നതും പരിമിതപ്പെടുത്തുക.
പ്രോട്ടീൻ അടങ്ങിയ മാംസാഹാരങ്ങൾ നിയന്ത്രിക്കുക.
മീൻ, മുട്ട, പയർവർഗ്ഗങ്ങൾ എന്നിവ കഴിക്കാം. എന്നാൽ, ചുവന്ന മാംസം (ഇറച്ചി) കഴിക്കുന്നത് കുറയ്ക്കണം.
ഓക്സാലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക
കടല, ചീര, ചോക്ലേറ്റ് , ബീറ്റ്‌റൂട്ട്, പരിപ്പ് തുടങ്ങിയ ഭക്ഷണങ്ങളിൽ ഓക്സാലേറ്റ് കൂടുതലുണ്ട്. ഓക്സാലേറ്റ് കാൽസ്യവുമായി ചേർന്ന് കല്ല് രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതില്ല, പക്ഷേ അളവ് നിയന്ത്രിതമായിരിക്കണം
പഞ്ചസാര കുറക്കുക
മധുരപാനീയങ്ങൾ,പ്രോസസ്ഡ് ഫുഡ് എന്നിവയിലെ പഞ്ചസാര ഓക്സാലേറ്റ് രൂപപ്പെടാൻ കാരണമാകുന്നു. അത് കൊണ്ട് തന്നെ ഇത്തരം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കുക.
സോഡാ പാനീയങ്ങളിൽ ഫ്രക്ടോസ് കോൺസെൻട്രേറ്റ് (high-fructose corn syrup) എന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് മൂത്രത്തിലെ യൂറിക് ആസിഡ് അളവ് കൂട്ടുകയും ചെയ്യുന്നു, തൽഫലമായി യൂറിക് ആസിഡ് സ്റ്റോണുകൾ രൂപപെടുകയും ചെയ്യുന്നു.
മൂത്രക്കല്ലുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ
- ഓറഞ്ച് , മുന്തിരി, നാരങ്ങ,മുസംബി , വത്തക്ക , ആപ്പിൾ തുടങ്ങിയ പഴങ്ങൾ.
- ബ്ലൂ ബെറി , റാസ് ബെറി , സ്ട്രോ ബെറി , ഗൂസ്‌ബെറി ,ബ്ലാക്ക് ബെറി തുടങ്ങിയ ബെറി പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.
- ചീര , മുരിങ്ങ , വള്ളി ചീര , ചുരക്ക , തുടങ്ങിയ പച്ചച്ചിലക്കറികൾ അതെ പോലെ ഉലുവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
- വെള്ളരിക്ക, തക്കാളി, കാബേജ്, പയർ, മത്തൻ , കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികൾ കഴിക്കാം.
- ബ്രൗൺ റൈസ് , വീറ്റ് ബ്രീഡ് , ഓട്സ്, വൻപയർ , ചെറുപയർ , കടല (മിതമായി) തുങ്ങിയവയും കഴിക്കാം.
- അയല ,മത്തി , ചൂര , ചിക്കൻ ബ്രേസ്റ് , മുട്ടയുടെ വെള്ള , പനീർ മുതലായവയും കഴിക്കുന്നതിൽ അപകടമില്ല.
- ധാരാളം വെള്ളം കുടിക്കുക എന്നത് വളരെ അത്യാവശ്യമായ കാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ല
കിഡ്നി സ്റ്റോണും മത്സ്യവും
കിഡ്നി സ്റ്റോണുള്ളവർ മൽസ്യം കഴിക്കാമോ എന്ന് പലരുടെയും സംശയമാണ് , മൽസ്യം കഴിക്കാം പക്ഷെ എല്ലാ മത്സ്യങ്ങളും കഴിക്കാൻ പാടില്ല എന്നതാണ് വാസ്തവം . കഴിക്കാൻ വേണ്ടി മൽസ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്യൂരിൻ കുറഞ്ഞതും എന്നാൽ പ്രോട്ടീൻ അധികമായതുമായ മൽസ്യങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രാധാന്യം. ഒഴിവാക്കേണ്ട മത്സ്യങ്ങളും കഴിക്കേണ്ട മത്സ്യങ്ങളും ഏതെല്ലാമാണെന്ന് നോക്കാം.
കഴിക്കാവുന്ന മൽസ്യങ്ങൾ ഇവയാണ്.
- മത്തി/ ചാള (Sardines)
- അയല (Mackerel)
- ആവോലി (Pomfret )
- നെയ്മീൻ ( Seer fish )
- കരിമീൻ ( Pearl spot fish )
- വിരാൽ (Catfish )
- തിലാപിയ ( Tilapia )
ഒഴിവാക്കേണ്ട മൽസ്യങ്ങൾ ഇവയാണ്
- ചെമ്മീൻ (Prawns)
- കല്ലുമ്മക്കായ ( Mussels )
- കക്ക ( Clams )
- എരിഞ്ഞിൽ ( Oysters )
- ലോബ്സ്റ്റർ ( Lobster )
- ഞണ്ട് (Crab )
DR.UNIS KODASSERI
FOR KIDNEY STONE TREATMENT CLICK HERE FOR BOOKING